Skip to main content

വൃത്തവൃത്താന്തം. -2. ഛന്ദസ്സ്.

വൃത്തവൃത്താന്തം. -2. ഛന്ദസ്സ്.
==================

കവിത ഗദ്യമോ പദ്യമോ ആകാമെന്ന് നാം കണ്ടുകഴിഞ്ഞു . ഗദ്യത്തില്‍ വാക്കുകള്‍ക്ക് ശക്തികൂടും , കഥനത്തിന് ഓജസ്സും കൂടും. ആശയം അനുവാചകന്‍റെ മനസ്സില്‍ പതിപ്പിക്കുന്നതിനുള്ള കഴിവും ഗദ്യത്തിന് കൂടുതലാണ്. എന്നാല്‍ പദ്യം മനസ്സില്‍ കൂടുതല്‍ കാലം തങ്ങിനില്ക്കും. എഴുതാനുള്ള സൌകര്യം കുറവായിരുന്ന കാലത്ത് വായ്മൊഴിയായി കാര്യങ്ങള്‍ കൈമാറിയിരുന്നത് പദ്യരൂപത്തിലായിരുന്നു . പാടിപ്പതിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍നിന്നും മായില്ല എന്നതായിരുന്നു കാരണം. വൈദ്യം , ജ്യോതിഷം തുടങ്ങി പല ശാസ്ത്രശാഖകളും പദ്യരൂപത്തിലായിരുന്നു . ഹൃദിസ്ഥമാക്കാന്‍ എളുപ്പമാണെന്നതാണ് പദ്യത്തിന് പ്രാധാന്യം വരാനുള്ള കാരണം . കവിതയുടെ ലക്ഷണങ്ങളില്‍ അത് പദ്യരൂപത്തിലാകണമെന്ന നിബന്ധനയില്ല . പദ്യമായാലും ഗദ്യമായാലും കവിത ആസ്വാദ്യമാകും. പക്ഷേ ആലപിക്കാനുള്ള സൌകര്യമുണ്ട് എന്നതാണ് പദ്യകവിതകള്‍ക്കുള്ള പ്രത്യേകത . പദ്യരൂപത്തിലുള്ള കവിതകള്‍ കൂടുതല്‍ മനോഹരമാക്കാന്‍വേണ്ടിയാണ് അക്ഷരങ്ങളുടെയും മാത്രകളുടെയും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരുവരിയില്‍ ഇത്രമാത്രവരുന്നതരത്തില്‍ ഇത്ര അക്ഷരങ്ങള്‍ വേണമെന്നുള്ള നിബന്ധനയടിസ്ഥാനപ്പെടുത്തി പദ്യം നിര്‍മ്മിക്കുന്ന തോതിനാണ് വൃത്തം എന്നുപറയുന്നത്. ഒരു വരിയില്‍ ഇത്രയക്ഷരങ്ങള്‍ വേണമെന്നും ഇന്നിന്നിടത്ത് ലഘുവും ഗുരുവും വരണമെന്നും ഇന്നിടത്ത് യതി വരണമെന്നും മറ്റുമുള്ള വ്യവസ്ഥകളനുസരിച്ച് എഴുതപ്പെടുന്നവ പദ്യം എന്ന് വിളിക്കപ്പെടുന്നു .

പാദങ്ങള്‍.
======
പദ്യത്തിന്‍റെ വരിയെ പാദം എന്ന് പറയുന്നു. നാല് പാദങ്ങള്‍ ചേര്‍ന്നത് ഒരു ശ്ലോകം . ഒന്നും രണ്ടും പാദങ്ങള്‍ ചേര്‍ന്നത് പൂര്‍വ്വാര്‍ദ്ധം, മൂന്നും നാലും പാദങ്ങള്‍ ചേര്‍ന്നത് ഉത്തരാര്‍ദ്ധം. ഒന്നാം പാദത്തെയും മൂന്നാം പാദത്തെയും വിഷമപാദങ്ങള്‍ എന്നും രണ്ടാം പാദത്തെയും നാലാം പാദത്തെയും സമപാദങ്ങള്‍ എന്നും വിളിക്കുന്നു.

യതി
====
പാദങ്ങളില്‍ ചിലയിടങ്ങളില്‍ ഒടിവുവേണം . ചെറിയ ഒരു നിറുത്ത്. അതിനെ യതിയെന്ന് പറയുന്നു. താഴെത്തന്നിരിക്കുന്ന വരികളില്‍ പന്ത്രണ്ട് അക്ഷരം കഴിഞ്ഞാല്‍ യതിവേണം.

"ഊര്‍ജ്ജത്തിന്നുറവാം ദിനേശനരുളും / താപത്തിനാല്‍ തന്നെയാം
നിര്‍മ്മിപ്പൂവശനം തൃണങ്ങളുമിതേ / വിശ്വത്തിലെല്ലാര്‍ക്കുമേ."
ഛന്ദസ്സ്
=====
പദ്യത്തിന്‍റെ ഒരു പാദത്തില്‍ ഇത്ര അക്ഷരങ്ങള്‍ വേണമെന്നുള്ള നിബന്ധനയാണ് ഛന്ദസ്സ്. ഒരക്ഷരമുള്ള പാദം മുതല്‍ ഇരുപത്തിയാറ് അക്ഷരങ്ങളുള്ള പാദം വരെയുള്ള ശ്ലോകങ്ങളുണ്ട്. അതിനാല്‍ ഇരുപത്തിയാറുഛന്ദസ്സുകളുമുണ്ട്. ഒരു പാദത്തില്‍ ഇരുപത്തിയാറില്‍ക്കൂടുതല്‍ അക്ഷരങ്ങളുള്ളവ ദണ്ഡകമെന്നറിയപ്പെടുന്നു. എല്ലാ ഛന്ദസ്സിലും ശ്ലോകങ്ങള്‍ രചിക്കാറില്ല . എങ്കിലും ഛന്ദസ്സുകളുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
  1. ഉക്താ : ഒരു വരിയില്‍ ഒരു അക്ഷരം മാത്രം വരുന്നു.
  2. അത്യുക്താ : ഒരു വരിയില്‍ രണ്ട് അക്ഷരങ്ങള്‍ വരുന്നു.
  3. മധ്യാ : ഒരു വരിയില്‍ മൂന്ന് അക്ഷരങ്ങള്‍ വരുന്നു.
  4. പ്രതിഷ്ഠാ : ഒരു വരിയില്‍ നാല് അക്ഷരങ്ങള്‍ വരുന്നു.
  5. സുപ്രതിഷ്ഠാ : ഒരു വരിയില്‍ അഞ്ച് അക്ഷരങ്ങള്‍ വരുന്നു.
  6. ഗായത്രി : ഒരു വരിയില്‍ ആറ് അക്ഷരങ്ങള്‍ വരുന്നു.
  7. ഉഷ്ണിക് : ഒരു വരിയില്‍ ഏഴ് അക്ഷരങ്ങള്‍ വരുന്നു.
  8. അനുഷ്ടുപ്പ് : ഒരു വരിയില്‍ എട്ട് അക്ഷരങ്ങള്‍ വരുന്നു.
  9. ബൃഹതീ : ഒരു വരിയില്‍ ഒമ്പത് അക്ഷരങ്ങള്‍ വരുന്നു.
  10. പങ് ക്തി : ഒരു വരിയില്‍ പത്ത് അക്ഷരങ്ങള്‍ വരുന്നു.
  11. ത്രിഷ്ടുപ്പ് : ഒരു വരിയില്‍ പതിനൊന്ന് അക്ഷരങ്ങള്‍ വരുന്നു.
  12. ജഗതി : ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരങ്ങള്‍ വരുന്നു.
  13. അതിജഗതി : ഒരു വരിയില്‍ പതിമൂന്ന് അക്ഷരങ്ങള്‍ വരുന്നു.
  14. ശക്വരീ : ഒരു വരിയില്‍ പതിനാല് അക്ഷരങ്ങള്‍ വരുന്നു.
  15. അതിശക്വരീ : ഒരു വരിയില്‍ പതിനഞ്ച് അക്ഷരങ്ങള്‍ വരുന്നു.
  16. അഷ്ടി : ഒരു വരിയില്‍ പതിനാറ് അക്ഷരങ്ങള്‍ വരുന്നു.
  17. അത്യഷ്ടി : ഒരു വരിയില്‍ പതിനേഴ് അക്ഷരങ്ങള്‍ വരുന്നു.
  18. ധൃതി : ഒരു വരിയില്‍ പതിനെട്ട് അക്ഷരങ്ങള്‍ വരുന്നു.
  19. അതിധൃതി : ഒരു വരിയില്‍ പത്തൊമ്പത് അക്ഷരങ്ങള്‍ വരുന്നു.
  20. കൃതി : ഒരു വരിയില്‍ ഇരുപത് അക്ഷരങ്ങള്‍ വരുന്നു.
  21. പ്രകൃതി : ഒരു വരിയില്‍ ഇരുപത്തിയൊന്ന് അക്ഷരങ്ങള്‍ വരുന്നു.
  22. ആകൃതി : ഒരു വരിയില്‍ ഇരുപത്തിരണ്ട് അക്ഷരങ്ങള്‍ വരുന്നു.
  23. വികൃതി : ഒരു വരിയില്‍ ഇരുപത്തിമൂന്ന് അക്ഷരങ്ങള്‍ വരുന്നു.
  24. സംകൃതി : ഒരു വരിയില്‍ ഇരുപത്തിനാല് അക്ഷരങ്ങള്‍ വരുന്നു.
  25. അഭികൃതി : ഒരു വരിയില്‍ ഇരുപത്തിയഞ്ച് അക്ഷരങ്ങള്‍ വരുന്നു.
  26. ഉത്കൃതി : ഒരു വരിയില്‍ ഇരുപത്തിയാറ് അക്ഷരങ്ങള്‍ വരുന്നു.

ഒരുവരിയില്‍ എട്ടക്ഷരത്തില്‍ കുറവായാല്‍ വരികള്‍ക്ക് നീളം വളരെ കുറവാകുമെന്നതിനാല്‍ ആദ്യത്തെ ഏഴുഛന്ദസ്സുകളില്‍ അധികം രചനകള്‍ ഉണ്ടാകാറില്ല . അതുപോലെത്തന്നെ വരികള്‍ക്ക് നീളം അധികമായതിനാല്‍ പ്രകൃതികഴിഞ്ഞുള്ള ഛന്ദസ്സുകളില്‍ അധികം രചനകള്‍ ഉണ്ടാകാറില്ല . ഏതാനും ഉദാഹരണങ്ങള്‍ നോക്കുക .
1.''കണ്ടോ നിങ്ങള്‍ മലര്‍വനികതന്നില്‍ വിടര്‍ന്നോരു സൂനം ''
ചോദിക്കുന്നെന്‍ സുതയിതു "നറും ചെമ്പനീര്‍പ്പൂവിതെങ്ങാന്‍ ?"
ഒരു വരിയില്‍ 17 അക്ഷരങ്ങള്‍ വീതം വരുന്നതിനാല്‍ ഇത് അത്യഷ്ടി ഛന്ദസ്സില്‍ ആണ്.

2.ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
ശിലാതലേ രാജിത ദിവ്യദാരു .
ഒരു വരിയില്‍ 11 അക്ഷരങ്ങള്‍ വീതം വരുന്നതിനാല്‍ ഇത് ത്രിഷ്ടുപ് ഛന്ദസ്സില്‍ ആണ്.

3.ഊര്‍ജ്ജത്തിന്നുറവാം ദിനേശനരുളും താപത്തിനാല്‍ തന്നെയാം
നിര്‍മ്മിപ്പൂവശനം തൃണങ്ങളുമിതേ വിശ്വത്തിലെല്ലാര്‍ക്കുമേ.
ഒരു വരിയില്‍ 19 അക്ഷരങ്ങള്‍ വീതം വരുന്നതിനാല്‍ ഇത് അതിധൃതി ഛന്ദസ്സില്‍ ആണ്.

4.സത്യത്തിന്നാസ്യമെന്നും കനകമയമതാം വന്മറയ്ക്കുള്ളിലാക്കീ
രാജന്മാ,രജ്ഞരാകും ജനതതിയെസദാ വിഭ്രമിപ്പിച്ചുവാഴും.

ഒരു വരിയില്‍ 21 അക്ഷരങ്ങള്‍ വീതം വരുന്നതിനാല്‍ ഇത് പ്രകൃതി ഛന്ദസ്സില്‍ ആണ്.



Comments

Popular posts from this blog

വൃത്തവൃത്താന്തം. -3. ലഘുഗുരുനിര്‍ണ്ണയം.

വൃത്തവൃത്താന്തം . -3. ലഘുഗുരുനിര്‍ണ്ണയം . ================================= മാത്ര . ===== അക്ഷരം ഉച്ചരിക്കാന്‍ വേണ്ട സമയമാണ് മാത്ര . ഹ്രസ്വാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ ഒരുമാത്രയായി കണക്കാക്കുന്നു . ഉദാ :- ക , ച , ട , പി , പൊ ദീര്‍ഘാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ രണ്ടുമാത്രയായി കണക്കാക്കുന്നു . ഉദാ :- കാ , ചാ , ടാ , പീ , പോ . ലഘു , ഗുരു . ========== ഹ്രസ്വമായ അക്ഷരം ലഘുവാണ് . അതായത് ഉച്ചരിക്കാന്‍ ഒരുമാത്രവേണ്ട അക്ഷരം ലഘു . ഉദാ :- ക , ച , ട , പി , പൊ . ദീര്‍ഘാക്ഷരം ഗുരുവാണ് . അതായത് ഉച്ചരിക്കാന്‍ ഒന്നിലധികം മാത്രകള്‍ എടുക്കുന്ന അക്ഷരം ഗുരു . ഉദാ :- കാ , ചാ , ടാ , പീ , പോ . ദീര്‍ഘം പോലെത്തന്നെയാണ് അനുസ്വാരം , വിസര്‍ഗ്ഗം എന്നിവ . ഇവ ഉച്ചരിക്കാന്‍ കൂടുതല്‍ സമയം വേണം . സുഖം , ദുഃഖം എന്നിവ ഉച്ചരിക്കുമ്പോള്‍ വ്യത്യാസം ഉണ്ടല്ലോ . ദുഃഖം എന്ന് പറയുമ്പോള്‍ ' ദു ' കഴിഞ്ഞ് കൂടുതല്‍ സമയമെടുത്താണ് ' ഖം ' എന്ന് പറയുന്നത് . ' ദു ' കഴിഞ്ഞ് വിസര്‍ഗ്ഗം വരുന്നതുകൊണ്ടാണിത് . സഗതി , സംഗതി എന്നിവ ഉച്ചരിച്ച...

വൃത്താന്തം. - 4. ഗണം.

വൃത്തവൃത്താന്തം . - 4. ഗണം . =================== വൃത്തം രണ്ടുതരത്തിലുണ്ട് . ഒരു വരിയില്‍ ഇത്ര അക്ഷരം വേണമെന്ന്‍ നിബന്ധനയുള്ളത് വര്‍ണ്ണവൃത്തം , ഒരു വരിയില്‍ ഇത്ര മാത്ര വേണമെന്ന്‍ നിബന്ധനയുള്ളത് മാത്രാവൃത്തം . വര്‍ണ്ണവൃത്തങ്ങളില്‍ മൂന്ന് വര്‍ണ്ണങ്ങള്‍ ചേര്‍ന്നത് ഒരു ഗണം . വര്‍ണ്ണം ലഘുവോ ഗുരുവോ ആകാം . ലഘുവോ ഗുരുവോ രണ്ടും ചേര്‍ന്നോ മൂന്നുവര്‍ണ്ണങ്ങള്‍ വ്യത്യസ്ത ക്രമത്തില്‍ വരുന്നതനുസരിച്ച് ഗണങ്ങള്‍ക്ക് പേരുകല്പിച്ചിട്ടുണ്ട് . ٮ - - ആദ്യത്തെ വര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - ആദിലഘു - യഗണം . - ٮ - മദ്ധ്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - മദ്ധ്യലഘു - രഗണം . - - ٮ അന്ത്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - അന്ത്യലഘു - തഗണം . - ٮ ٮ ആദ്യത്തെ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - ആദിഗുരു - ഭഗണം ٮ - ٮ മദ്ധ്യ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - മദ്ധ്യഗുരു - ജഗണം . ٮ ٮ - അന്ത്യവര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - അന്ത്യഗുരു - സഗണം . - - - സവ്വഗുരു - മഗണം . ٮ ٮ ٮ സവ്വലഘു - നഗണം . ശ്രീ ഏ . ആര്‍ . രാജ...