Skip to main content

വൃത്തവൃത്താന്തം. -1.കവിത .

വൃത്തവൃത്താന്തം. -1.
===============
കവിത .
=====

കവിതയുടെ പര്യായമാണ് കാവ്യമെങ്കിലും ഇപ്പോള്‍ താരതമ്യേന വലിപ്പവും ഗാംഭീര്യവും കൂടുതലുള്ള കൃതികളാണ് കാവ്യം എന്ന് വിളിക്കപ്പെടുന്നത് . അതുകൊണ്ട് നമുക്ക് കവിതയെക്കുറിച്ച് ചിന്തിക്കാം . സാഹിത്യത്തിന്‍റെ ഏറ്റവും പ്രാചീനമായ രൂപമാണ് കവിത . പദ്യരൂപത്തിലുള്ള രചനയാണ് കവിത എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. പക്ഷേ അത് തെറ്റാണ്. പണ്ടുകാലത്ത് ചികിത്സാ ശാസ്ത്രം , വ്യാകരണശാസ്ത്രം , തര്‍ക്ക ശാസ്ത്രം, ജ്യോതിഷം തുടങ്ങി അനേകം വിഷയങ്ങള്‍ പദ്യരൂപത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് . ഹൃദിസ്ഥമാക്കാനുള്ള സാദ്ധ്യത കൂടുതലുള്ളതുകൊണ്ടാണ് പല ഗ്രന്ഥങ്ങളും പദ്യത്തിലായത്. ഇവയെല്ലാം കവിതയല്ല . പദ്യങ്ങളെല്ലാം കവിതയല്ലെന്നറിയുക . പദ്യരൂപത്തിലല്ലാത്ത കവിതയുമുണ്ട് . ഗദ്യരൂപത്തില്‍ രചിച്ച മനോഹരമായ എത്രയോ കവിതകളുണ്ട് . കവിത പദ്യമാകണമെന്നില്ല . "വാക്യം രസാത്മകം കാവ്യം ", "രമണീയാര്‍ത്ഥപ്രതിപാദകഃ ശബ്ദഃ കാവ്യം" തുടങ്ങി കവിതയ്ക്ക് അനേകം നിര്‍വ്വചനങ്ങളുണ്ട് . Poetry is the spontaneous overflow of powerful feelings: it takes its origin from emotion recollected in tranquility.” എന്ന് വേഡ്സ് വര്‍ത്ത് പറയുന്നു. പ്രശാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളില്‍നിന്നാണ് കവിത ഉടലെടുക്കുന്നതെന്നാണദ്ദേഹത്തിന്‍റെ അഭിപ്രായം. "the expression of the imagination" (ഭാവനയുടെ വാഗ്രൂപം ) എന്നാണ് ഷെല്ലി കവിതയെ നിര്‍വ്വചിക്കുന്നത്. . എഡ്ഗര്‍ അല്ലന്‍ പോ നിര്‍വ്വചിക്കുന്നത് "the rhythmical creation of beauty" (സൌന്ദര്യത്തിന്‍റെ താളാത്മക സൃഷ്ടിയാണ് കവിത ) എന്നാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ആലപിക്കാനുള്ള സുഖവും ഹൃദിസ്ഥമാക്കാനുള്ള എളുപ്പവും മനസ്സില്‍ ഏറെക്കാലും തങ്ങിനില്ക്കുമെന്നുള്ളതും മൂലമാകാം പലരും പദ്യകവിതകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. പദഘടനയുടെ താളാത്മകത്വമാണ് കവിതയുടെ പ്രത്യേകത. ആലപിച്ചുകേള്‍ക്കുമ്പോള്‍ ആസ്വാദനം വര്‍ദ്ധിപ്പിക്കുന്ന ശബ്ദവിന്യാസവും പ്രധാനമാണ്. യുദ്ധത്തില്‍ ഭയപ്പെട്ടോടുന്ന പടയുടെ ഗജസൈന്യം കാട്ടിലൂടെ ഓടുന്ന രംഗം വിവരിക്കുന്ന വരികള്‍ നോക്കുക.
"കൊമ്പന്മാരുടെ കൊമ്പുമരത്തിന്‍-
കൊമ്പുതടഞ്ഞിട്ടമ്പതുഭിന്നം ."
കാളിന്ദീനദിയിലെ ഓളങ്ങള്‍ കൌതുകപൂര്‍വ്വം നോക്കിയിരിക്കുന്ന കൃഷ്ണനെ ഇങ്ങനെ വര്‍ണ്ണിക്കുന്നു.
"കാളിന്ദീലോലകല്ലോലകോലാഹലകുതൂഹലീ "
ഇവിടെയെല്ലാം ശബ്ദസൌന്ദര്യം പ്രധാനമായി കാണുന്നു. കഥയില്‍ വളരെ ലളിതമായി ഒരു സംഭവം വിവരിക്കുമ്പോള്‍ കവിതയില്‍ വര്‍ണ്ണനയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. വാങ്മയചിത്രങ്ങളിലൂടെയുള്ള ഭാവസംവേദനം കവിതയില്‍ കാണുന്നു. "നേരം പുലര്‍ന്നു" എന്ന് കഥയില്‍ പറയുമ്പോള്‍ കവിതയില്‍
"വാസരസംഗം കുറിച്ചുകൊണ്ടെത്തുന്നു
വാസരേശന്‍ ചെമ്മേ പൂര്‍വ്വദിക്കില്‍ "
എന്നോ
"പൃഥ്വിക്കുകുങ്കുമത്തിലകമായെത്തുന്നു
ഭാസ്കരന്‍ പൊന്നിന്‍ കരങ്ങളുമായിതാ "
എന്നോ വര്‍ണ്ണിക്കുന്നു. കല്പനയുടെ പ്രയോഗത്തിലും കവിത മുന്നിട്ടുനില്ക്കുന്നു. വിടരുംമുന്‍പേ ഒരു പൂമൊട്ടിനെ വണ്ട് നശിപ്പിച്ചരംഗം കവി വര്‍ണ്ണിക്കുമ്പോള്‍ ഒരുപക്ഷേ നേരിട്ടുപറയാന്‍ ഇഷ്ടപ്പെടാത്ത സമാനസംഭവമാകാം അവിടെ യഥാര്‍ത്ഥത്തില്‍ വിവരിക്കപ്പെടുന്നത്. അനുവാചകരില്‍ ആ ദൃശ്യം ഉണരുകയും ചെയ്യും. ഇങ്ങനെയുള്ള ബിംബകല്പനകളും കവിതയില്‍ ധാരാളമായി കാണാം. ഇതെല്ലാം ഉണ്ടായാലേ കവിതയാകൂ എന്നില്ല. കവിതയാകുന്ന സുന്ദരിയുടെ ആഭൂഷണങ്ങളാണിതെല്ലാം.


Comments

Popular posts from this blog

വൃത്തവൃത്താന്തം. -3. ലഘുഗുരുനിര്‍ണ്ണയം.

വൃത്തവൃത്താന്തം . -3. ലഘുഗുരുനിര്‍ണ്ണയം . ================================= മാത്ര . ===== അക്ഷരം ഉച്ചരിക്കാന്‍ വേണ്ട സമയമാണ് മാത്ര . ഹ്രസ്വാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ ഒരുമാത്രയായി കണക്കാക്കുന്നു . ഉദാ :- ക , ച , ട , പി , പൊ ദീര്‍ഘാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ രണ്ടുമാത്രയായി കണക്കാക്കുന്നു . ഉദാ :- കാ , ചാ , ടാ , പീ , പോ . ലഘു , ഗുരു . ========== ഹ്രസ്വമായ അക്ഷരം ലഘുവാണ് . അതായത് ഉച്ചരിക്കാന്‍ ഒരുമാത്രവേണ്ട അക്ഷരം ലഘു . ഉദാ :- ക , ച , ട , പി , പൊ . ദീര്‍ഘാക്ഷരം ഗുരുവാണ് . അതായത് ഉച്ചരിക്കാന്‍ ഒന്നിലധികം മാത്രകള്‍ എടുക്കുന്ന അക്ഷരം ഗുരു . ഉദാ :- കാ , ചാ , ടാ , പീ , പോ . ദീര്‍ഘം പോലെത്തന്നെയാണ് അനുസ്വാരം , വിസര്‍ഗ്ഗം എന്നിവ . ഇവ ഉച്ചരിക്കാന്‍ കൂടുതല്‍ സമയം വേണം . സുഖം , ദുഃഖം എന്നിവ ഉച്ചരിക്കുമ്പോള്‍ വ്യത്യാസം ഉണ്ടല്ലോ . ദുഃഖം എന്ന് പറയുമ്പോള്‍ ' ദു ' കഴിഞ്ഞ് കൂടുതല്‍ സമയമെടുത്താണ് ' ഖം ' എന്ന് പറയുന്നത് . ' ദു ' കഴിഞ്ഞ് വിസര്‍ഗ്ഗം വരുന്നതുകൊണ്ടാണിത് . സഗതി , സംഗതി എന്നിവ ഉച്ചരിച്ച...

വൃത്താന്തം. - 4. ഗണം.

വൃത്തവൃത്താന്തം . - 4. ഗണം . =================== വൃത്തം രണ്ടുതരത്തിലുണ്ട് . ഒരു വരിയില്‍ ഇത്ര അക്ഷരം വേണമെന്ന്‍ നിബന്ധനയുള്ളത് വര്‍ണ്ണവൃത്തം , ഒരു വരിയില്‍ ഇത്ര മാത്ര വേണമെന്ന്‍ നിബന്ധനയുള്ളത് മാത്രാവൃത്തം . വര്‍ണ്ണവൃത്തങ്ങളില്‍ മൂന്ന് വര്‍ണ്ണങ്ങള്‍ ചേര്‍ന്നത് ഒരു ഗണം . വര്‍ണ്ണം ലഘുവോ ഗുരുവോ ആകാം . ലഘുവോ ഗുരുവോ രണ്ടും ചേര്‍ന്നോ മൂന്നുവര്‍ണ്ണങ്ങള്‍ വ്യത്യസ്ത ക്രമത്തില്‍ വരുന്നതനുസരിച്ച് ഗണങ്ങള്‍ക്ക് പേരുകല്പിച്ചിട്ടുണ്ട് . ٮ - - ആദ്യത്തെ വര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - ആദിലഘു - യഗണം . - ٮ - മദ്ധ്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - മദ്ധ്യലഘു - രഗണം . - - ٮ അന്ത്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - അന്ത്യലഘു - തഗണം . - ٮ ٮ ആദ്യത്തെ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - ആദിഗുരു - ഭഗണം ٮ - ٮ മദ്ധ്യ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - മദ്ധ്യഗുരു - ജഗണം . ٮ ٮ - അന്ത്യവര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - അന്ത്യഗുരു - സഗണം . - - - സവ്വഗുരു - മഗണം . ٮ ٮ ٮ സവ്വലഘു - നഗണം . ശ്രീ ഏ . ആര്‍ . രാജ...

വൃത്തവൃത്താന്തം. -2. ഛന്ദസ്സ്.

വൃത്തവൃത്താന്തം . -2. ഛന്ദസ്സ് . ================== കവിത ഗദ്യമോ പദ്യമോ ആകാമെന്ന് നാം കണ്ടുകഴിഞ്ഞു . ഗദ്യത്തില്‍ വാക്കുകള്‍ക്ക് ശക്തികൂടും , കഥനത്തിന് ഓജസ്സും കൂടും . ആശയം അനുവാചകന്‍റെ മനസ്സില്‍ പതിപ്പിക്കുന്നതിനുള്ള കഴിവും ഗദ്യത്തിന് കൂടുതലാണ് . എന്നാല്‍ പദ്യം മനസ്സില്‍ കൂടുതല്‍ കാലം തങ്ങിനില്ക്കും . എഴുതാനുള്ള സൌകര്യം കുറവായിരുന്ന കാലത്ത് വായ്മൊഴിയായി കാര്യങ്ങള്‍ കൈമാറിയിരുന്നത് പദ്യരൂപത്തിലായിരുന്നു . പാടിപ്പതിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍നിന്നും മായില്ല എന്നതായിരുന്നു കാരണം . വൈദ്യം , ജ്യോതിഷം തുടങ്ങി പല ശാസ്ത്രശാഖകളും പദ്യരൂപത്തിലായിരുന്നു . ഹൃദിസ്ഥമാക്കാന്‍ എളുപ്പമാണെന്നതാണ് പദ്യത്തിന് പ്രാധാന്യം വരാനുള്ള കാരണം . കവിതയുടെ ലക്ഷണങ്ങളില്‍ അത് പദ്യരൂപത്തിലാകണമെന്ന നിബന്ധനയില്ല . പദ്യമായാലും ഗദ്യമായാലും കവിത ആസ്വാദ്യമാകും . പക്ഷേ ആലപിക്കാനുള്ള സൌകര്യമുണ്ട് എന്നതാണ് പദ്യകവിതകള്‍ക്കുള്ള പ്രത്യേകത . പദ്യരൂപത്തിലുള്ള കവിതകള്‍ കൂടുതല്‍ മനോഹരമാക്കാന്‍വേണ്ടിയാണ് അക്ഷരങ്ങളുടെയും മാത്രകളുടെയും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഒരുവരിയില്‍ ഇത്ര...